മീററ്റ്/ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഭുനി ടോൾ പ്ലാസയിൽ സൈനികനു ക്രൂര മർദനമേറ്റു. ആറു ടോൾ പ്ലാസ ജീവനക്കാരെ അറസ്റ്റ് ചെയ്തു. അവധി കഴിഞ്ഞ് ഡ്യൂട്ടിക്കു പോയ കപിൽ എന്ന സൈനികനാണ് ഞായറാഴ്ച വൈകുന്നേരം മർദനമേറ്റത്.
തന്റെ കാർ വേഗം കടത്തിവിടാൻ കപിൽ ആവശ്യപ്പെട്ടതാണ് ടോൾ പ്ലാസ ജീവനക്കാരെ പ്രകോപിപ്പിച്ചത്. കപിലിനെ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ടോൾ പ്ലാസ ജീവനക്കാരെ അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ ടോൾ പിരിക്കുന്ന മെസേഴ്സ് ധരം സിംഗ് എന്ന ഏജൻസിക്ക് ദേശീയപാത അഥോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) 20 ലക്ഷം രൂപ പിഴയിട്ടു. ഏജൻസിയുമായുള്ള കരാർ റദ്ദാക്കാനുള്ള നടപടി എൻഎച്ച്എഐ ആരംഭിച്ചു.
സൈനികനു മർദനമേറ്റത്തിൽ കരസേന സെൻട്രൽ കമാൻഡ് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.